Tuesday, June 4, 2013

"പഴയ റഷ്യന്‍ നോവലുകള്‍ വായിച്ചിട്ടുണ്ടോ?"
"ഉവ്വ്.. കുട്ടിക്കാലത്ത്.. ഗാര്നേറ്റു വള ,നീല വിരിയിട്ട ജാലകം,പടിവാതിക്കല്‍,അന്നാകരെനീന,ഒരു യഥാര്‍ത്ഥ മനുഷ്യന്റെ കഥ.."
"രാദുഗ പബ്ലിക്കെഷന്റെ പുസ്തകങ്ങള്‍..."
"ഇളം മഞ്ഞ നിറത്തിലുള്ള കട്ടിയുള്ള പേജുകള്‍ ഉള്ള ഭംഗിയുള്ള പുസ്തകങ്ങള്‍ അല്ലെ?"
"അതെ .. അവക്കൊരു പ്രത്യേക മണമായിരുന്നു."
"അതെ..ഓര്‍ക്കുന്നു .."
"....അത് സോവിയറ്റ് യുണിയന്റെ മണമാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ട്ടം.."
"സുഹൃത്തെ ,ഒരുമിച്ചു ചെലവഴിക്കാത്ത ഒരു ബാല്യത്തെ നമ്മള്‍ ഇങ്ങനെയൊക്കെയല്ലേ ഓര്‍ത്തെടുക്കുന്നത് ?"

ആ പുസ്തകങ്ങളൊക്കെ ഇപ്പോള്‍ ഏത് ലോകത്തായിരിക്കും?
ഒതുക്കു കെട്ടുകൾ കയറിയിറങ്ങുമ്പോഴും
ഒരു കവിതയുള്ളിൽ പിടയുന്നുണ്ടായിരുന്നു .
വെയിൽ കോർത്ത വിയർപ്പുമുത്തുകളാൽ
വേനലിന്റെ കറുത്ത വിരഹവസ്ത്രം
നനുത്ത് നനുത്ത് എന്നോട് ചേർന്നു .
വയല്പ്പൂക്കൾക്കിടയിൽ
മുത്തു പൊട്ടിക്കിടന്ന കൊലുസ് ,
പൊന്തക്കുള്ളിൽ ഗതകാല ധ്യാനത്തിൽ കൊക്കുകൾ ,
പള്ളിമിനാരങ്ങളിൽ കുറുകുന്ന പ്രാക്കുഞ്ഞുങ്ങൾ,
പല പച്ചകളായ് വിന്യസിച്ച്
പുളിയും,മാവും,പ്ലാവും തൊടിയിൽ .
നിറയെ വെയിൽ
ഇടയ്ക്കിടെ ഇലപ്പച്ചത്തണുപ്പ്
വേനലെന്നെത്തൊട്ട്
ഒരു കവിത വിരിയിക്കുമെന്നോർത്തില്ല
ഞാനിനി മഴയെ തേടില്ല
വേഴാമ്പലാകില്ല .
നിറയെ താമരപ്പൂക്കളുള്ള ഒരു ചെറുതോടാണ്
എന്റെ ഓർമ്മ .
പിന്നെ നേർത്ത രോമങ്ങളാൽ
എന്റെ കാൽവിരൽത്തുമ്പിൽ
നെറ്റിയുരുമ്മുന്ന ഒരു പൂച്ചക്കുഞ്ഞും .
വഴിവക്കിലെ തീപ്പൊരി ചിന്തുന്ന
പൂവാകച്ചോടും .
അലസമായി കൊഴിയുകയാണ് പകലുകൾ.
രാവുകളോ പകലുകളെ ഓർത്തുള്ള
വ്യാകുലതകളാൽ അസ്വസ്തവും .
എന്റെ പെണ്‍കുട്ടീ ,
നീ നിന്റെ സംരക്ഷിത വലയത്തിൽ നിന്ന് പുറത്തു കടക്കുന്നതെന്നാണ്?
നീ എന്നാണു നിന്നിലുള്ള അനേകം പെണ്‍കുട്ടികളെ തിരിച്ചറിയുന്നത്?
പെണ്‍കുട്ടീ
എത്ര വിരസമായാണ് നിന്റെ ദിനങ്ങളുടെ പൂക്കളെ നീ തല്ലിക്കൊഴിക്കുന്നതു ?
പെണ്‍കുട്ടീ ...പെണ്‍കുട്ടീ
:(

( സോളിലോക്ക്വി )
വഴികളായ വഴികളെല്ലാം
നിന്നിലേക്ക്‌ യാത്ര ചെയ്യുവാൻ.
നീയെന്റെ യാത്ര .
മായ്ച്ചു കളഞ്ഞിട്ടും
എന്റെ മഷിത്തണ്ടിൽ
നീലിച്ചു നോവിച്ചു നീ .


മാതൃദിനം എന്ന ആഘോഷത്തിൽ ഞാൻ വിശ്വസിക്കുന്നില്ല എങ്കിലും പലരുടെയും കവിതകളും ഓര്മ്മകളും വായിച്ചു കണ്ണ് നനഞ്ഞു പോയി .ഞാൻ ജനിച്ച ദിവസത്തെ കുറിച്ച് എന്റെ അമ്മ പറഞ്ഞതോര്ക്കുന്നു . പത്ത് മാസം ആത്മാവിൽ ഓമനിച്ച ഒരു കുരുന്നു ജീവനെ എന്നെ ലഭിക്കും മുന്നേ നഷ്ട്ടപ്പെട്ടിരുന്നു എന്റെ അമ്മയ്ക്ക് . അത് കൊണ്ട് ഞാൻ ജനിച്ചപ്പോൾ എന്നെ ജീവനോടെ കാണും വരെ അകാംഷയായിരുന്നു. പാതി ബോധത്തിലും എന്റെ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞപ്പോൾ നേഴ്സ് ഒന്ന് തുടച്ചു വൃത്തിയാക്കുക പോലും ചെയ്യുന്നതിന് മുന്നേ അമ്മക്ക് എന്നെ ചേർത്ത് പിടിച്ചു കൊടുത്തത്രേ .നീയൊരു മുയൽക്കുഞ്ഞു പോലെയിരുന്നെന്നു അമ്മയുടെ ഭാഷ്യം.(അത് കാര്യാക്കണ്ട ..കാക്കക്കും തൻ കുഞ്ഞു പൊന്കുഞ്ഞു എന്നാണല്ലോ ) . കൂമ്പിപ്പോകുന്ന കണ്ണുകൾ തുറന്നു എന്നെ നോക്കി സന്തോഷക്കണ്ണീരോടെ ഉമ്മ വെച്ചപ്പോൾ ചുവന്നും വെളുത്തും എന്തൊക്കെയോ എന്റെ മുഖത്തു പറ്റിപിടിച്ചെന്നു അമ്മയുടെ കുസൃതി . ഇന്ന് കൂടെയില്ലെങ്കിലും എന്നും വേദനിപ്പിക്കുന്ന, സ്നേഹം കൊണ്ട് നിറക്കുന്ന ഓർമ്മയായി അമ്മ ഉള്ളിലുണ്ട് . ആ സ്നേഹത്തിനു മുൻപിൽ സമര്പ്പിക്കാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല . അമ്മ തന്ന കവിതകളിലൂടെ ഞാൻ അമ്മയെ എന്നിൽ സൂക്ഷിക്കുന്നു.ഈ കൊച്ചുകവിതയിലൂടെയും .

ആത്മ നിർവൃതിയാൽ
ആദ്യസ്നാനം തന്നമ്മ
കണ്ണുനീരുമ്മ
പാതി വായിച്ചു ഞാൻ അടച്ചു വെക്കുന്ന പുസ്തകങ്ങളിലെ വാക്കുകള്‍
പരസ്പരം ചുംബിക്കുന്നുണ്ടാകണം.
അവരുടെ ആത്മഭാഷണങ്ങളെ അലോസരപ്പെടുത്താതെ
ഞാൻ അകലെ മാറിയിരുന്നു ആ പുസ്തകങ്ങളെയെല്ലാം നോക്കും.
ഒരിക്കൽ എന്റെ കൂട്ടുകാരായിരുന്നവർ..
ചില്ലലമാരകളിൽ ഒട്ടിച്ചേർന്നിരുന്നു അവരിപ്പോൾ അടങ്ങാത്ത പ്രണയത്തിലാണ്.
അവരുടെ സംഗീതം കേള്ക്കുവാൻ എനിക്കിപ്പോൾ കാതുകളില്ല.
ഏകാന്തമായ ഏതോ ഒരു മൌനത്തെ ഞാൻ തേടുന്നുണ്ട്..
ഒരു പുസ്തകം വായിക്കാൻ മാത്രം നിശബ്ദമായൊരു മനസ്സിനെ എന്നേ നഷ്ട്ടപ്പെട്ടിരിക്കുന്നു .


ആദ്യം മുറിച്ചു മാറ്റിയത്
വഴിയിലേക്ക് നീണ്ടു നില്ക്കുന്ന മാവിനെയായിരുന്നു.
പിന്നെ
വീടിനോട് ചേർന്ന് നില്ക്കുന്ന പ്ലാവിനെ.
ഉള്ളിൽ പൂത്തു നില്ക്കുന്ന നിന്നെ,
നിന്നിൽ വേരുപിടിച്ച എന്നെ .
ഒടുവിൽ..
വിരൽത്തുമ്പിൽ പിണഞ്ഞു നിന്ന
ഈ കവിതയേയും .