Tuesday, June 4, 2013

ചില കുട്ടികള്‍ എത്ര കുരുത്തക്കേട്‌ കാണിച്ചാലും അവരുടെ നിഷ്കള ങ്കമായ മുഖം കാണുമ്പോള്‍ ആരായാലും ചിരിച്ചു പോകും.ഇന്ന് രാവിലെ എന്റെ ക്ലാസ്സിലിരുന്നു ഒരു വിരുതന്‍ വല്ല്യ ചിരിയും വര്‌ത്തമാനവുമായിരുന്നു.അവനെ വഴക്ക് പറഞ്ഞും ക്ലാസ്സിന്റെ പുറകില്‍ കൊണ്ട് പോയി നിര്‍ത്തിയും എല്ലാം മതിയായി.വേറെ ഒരു വഴിയുമില്ലാത്തതു കൊണ്ട് അവനെ കുറച്ചു നേരം തറപ്പിച്ചു നോക്കി നിന്നു.യു.ക്കെ.ജീലല്ലോ പഠിക്കുന്നത് ഡിഗ്രിക്കല്ലേ?ഒന്ന് നിര്‍ത്തിക്കൂടെ ഈ സംസാരം എന്ന് ചോദിച്ചതെ ഉള്ളു.അവന്‍ തല താഴ്ത്തി.പിന്നെ മെല്ലെ മുഖം ചെരിച്ചു എന്നെ നോക്കി ചിരിച്ചു.ദേഷ്യമൊക്കെ ഒറ്റ നിമിഷം കൊണ്ട് ഒലിച്ചുപോയി.അവനെ നോക്കി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിച്ചിരിച്ചു പോയി ഞാന്‍ .ഇന്നസെന്റിന്റെ പോലുള്ള മുഖഭാവവും നില്‍പ്പും.എന്റെ ചിരി കണ്ടു മറ്റു കുട്ടികളും ചിരിയില്‍ പങ്കു ചേര്‍ന്നു .ഞങ്ങളെല്ലാവരും അല്‍പ്പ നേരത്തേക്ക് നന്നായി ചിരിച്ചു.അതിനു ശേഷം കുട്ടികള്‍ എല്ലാം അല്‍പ്പം കൂടെ അനുസരണയും ശ്രദ്ധയും കാണിക്കുന്നത് പോലെ തോന്നി.തിരിച്ചു പോരുമ്പോള്‍ ബസ്സില്‍ ഇരുന്നു അത് വീണ്ടും ഓര്‍ത്ത്‌ പിന്നെയും ചിരിച്ചു.അല്‍പ്പം കഴിഞ്ഞാണ് റിയര്‍ വ്യൂ മിറ റിലൂടെ ബസ്സിന്റെ ഡ്രൈവര്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടത്.പെട്ടെന്ന് മുഖത്തെ ചിരി തുടച്ചു മാറ്റി അകലേക്ക്‌ നോക്കിയിരുന്നു.എങ്കിലും കുട്ടികളുടെ ചിരിയുടെ ഓര്‍മ്മ മനസ്സില്‍ വീണ്ടും ഒരു തൂവല്‍ പോലെ തലോടിക്കൊന്ടെയിരിക്കുന്നു. നല്ലൊരു ചിരി ദിവസം . :)

No comments: