Tuesday, June 4, 2013

ഒതുക്കു കെട്ടുകൾ കയറിയിറങ്ങുമ്പോഴും
ഒരു കവിതയുള്ളിൽ പിടയുന്നുണ്ടായിരുന്നു .
വെയിൽ കോർത്ത വിയർപ്പുമുത്തുകളാൽ
വേനലിന്റെ കറുത്ത വിരഹവസ്ത്രം
നനുത്ത് നനുത്ത് എന്നോട് ചേർന്നു .
വയല്പ്പൂക്കൾക്കിടയിൽ
മുത്തു പൊട്ടിക്കിടന്ന കൊലുസ് ,
പൊന്തക്കുള്ളിൽ ഗതകാല ധ്യാനത്തിൽ കൊക്കുകൾ ,
പള്ളിമിനാരങ്ങളിൽ കുറുകുന്ന പ്രാക്കുഞ്ഞുങ്ങൾ,
പല പച്ചകളായ് വിന്യസിച്ച്
പുളിയും,മാവും,പ്ലാവും തൊടിയിൽ .
നിറയെ വെയിൽ
ഇടയ്ക്കിടെ ഇലപ്പച്ചത്തണുപ്പ്
വേനലെന്നെത്തൊട്ട്
ഒരു കവിത വിരിയിക്കുമെന്നോർത്തില്ല
ഞാനിനി മഴയെ തേടില്ല
വേഴാമ്പലാകില്ല .
നിറയെ താമരപ്പൂക്കളുള്ള ഒരു ചെറുതോടാണ്
എന്റെ ഓർമ്മ .
പിന്നെ നേർത്ത രോമങ്ങളാൽ
എന്റെ കാൽവിരൽത്തുമ്പിൽ
നെറ്റിയുരുമ്മുന്ന ഒരു പൂച്ചക്കുഞ്ഞും .
വഴിവക്കിലെ തീപ്പൊരി ചിന്തുന്ന
പൂവാകച്ചോടും .

No comments: