|
|
മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ടൊന്നും ഞാന്‍ പോകുന്നില്ല . സുഹുര്‌ത്തുമായി ഖസാക്കിനെ കുറിച്ച് സംസാരിച്ചത് കൊണ്ടാകാം പെട്ടെന്ന് ഖസാക്കില്‍ നിന്നൊരു കാറ്റ് എന്റെ തലയ്ക്കു പിടിച്ചത്. ഒരു പുസ്തകത്തേക്കാള്‍ ഖസാക്ക് എനിക്കൊരു ചര്യയായിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അച്ഛന്‍ ആദ്യമായി ആ വിലമതിക്കാനാവാത്ത സമ്മാനം തന്നത്.ഖസാക്ക് .പിന്നെ എല്ലാ വര്‍ഷവും മനസ്സിലാകാതെയും മനസ്സിലാക്കിയും പല വട്ടം തിരിച്ചും മറിച്ചും അത് വായിച്ചു.എത്ര വട്ടം എന്ന് പറയാന്‍ ആകില്ല.അത് പെന്‍ ബുക്സ് പ്രസിദ്ധീകരിച്ച പഴയ എഡിഷനില്‍ പെട്ട ഒന്നായിരുന്നു.ഖസാക്കിലെ പനകള്‍ അതിരിടുന്ന ചെമ്മണ്‍പാതയിലൂടെ കാവിമുണ്ടും ഖതര്‍ ജുബ്ബയും ധരിച്ചു ഒരു തുണി സഞ്ചിയും തൂക്കി ,അല്‍പ്പം മുന്നോട്ടാഞ്ഞു നടക്കുന്ന നരച്ചു തുടങ്ങിയ താടിയും ഉലഞ്ഞ മുടിയുമുള്ള വിജയന്‍... .അതായിരുന്നു ആ പുസ്തകത്തിന്റെ പുറംചട്ട.ആ പുസ്തകം എന്ന് പറയുമ്പോള്‍ ഉള്ള ആ അകല്‍ച്ച പോലും എന്നെ വേദനിപ്പിക്കുന്നു.അത്രമേല്‍ പ്രിയങ്കരമായിരുന്നല്ലോ എന്റെ പുസ്തകം എനിക്ക്.ജീവബിന്ദുക്കളുടെ കഥ പലവട്ടം വായിച്ചു ഉള്ളു നൊന്തതും ,അപ്പുക്കിളിയും കുഞ്ഞാമിനയും കണ്ണ് നനയിച്ചതും പിന്നെ ഒരിക്കലും എല്ക്കാഞ്ഞും മനസ്സില്‍ ആഞ്ഞു വീശിയ പാലക്കാടന്‍ കാറ്റും,മലഞ്ചെരിവും,കൂമന്കൊല്ലിയും .സോയ നാരായണന്‍ എന്ന് ആദ്യ പേജില്‍ അത്ര ഭംഗിയില്ലാത്ത കൈയ്യക്ഷരത്തില്‍ എഴുതിയ നാലാം ക്ലാസ്സുകാരിയെയും അത് സമ്മാനിച്ച സ്നേഹനിധിയെയും എല്ലാം പെട്ടെന്ന് ഓര്‍ത്തു. പിന്നീട് ആ ഓര്‍മ്മപ്പുസ്തകത്തെ എം.എ ക്ക് പഠിക്കുമ്പോള്‍ 'ദി ലെജെന്റ് ഓഫ് ഖസാക്ക്' ആയും വായിച്ചു .'ജീവബിന്ദുക്കള്‍' 'ടു ലിറ്റില്‍ സ്പോര്‍സ്' ആയതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ലെങ്കിലും .പൊതുവെ ഉള്ള മടിയൊക്കെ മാറ്റി വെച്ച് മാസങ്ങളോളം എടുത്തു ലിറ്റ്രേചര് ആന്‍ഡ് എക്കോളജി എന്ന പേപ്പറില്‍ ഖസാക്കിനെ അവലംബിച്ച് സെമിനാര്‍ എടുത്തതും , അത് ഞാന്‍ എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും ആത്മാര്‍ഥമായ സെമിനാര്‍ ആയതും ,സെമിനാര്‍ കഴിഞ്ഞു എന്റെ ആത്മ സുഹൃത്ത് സുഹാന കണ്ണ് നിറഞ്ഞു പോയി നീ സെമിനാര്‍ നന്നായി എടുത്തതു കണ്ടിട്ട് എന്ന് പറഞ്ഞതും ആണ് പിന്നെയുള്ള ഓര്‍മ്മ.അതിനിടക്ക് ഉള്ള പല വര്‍ഷങ്ങളായി ഒരുപാട് ഖസാക്ക് പ്രേമികളെ കണ്ടുമുട്ടുകയും അടുത്തറിയുകയും ചെയ്തു.ഖസാക്കിനെ കുറിച്ച് ഒരു പ്രോജെക്റ്റിന്റെ ഭാഗമായി സന്ദര്‍ശിച്ച ഹരി സാറും പ്രിയ സുഹൃത് ആശിഷ് ചേട്ടനും പിന്നെ ഒരിക്കല്‍ ഖസാക്കിലും തസ്രാക്കിലും ഉള്ള കുന്നുകളുടെ ഉച്ചിയില്‍ കയറി അവിടുത്തെ കാറ്റിന്റെ നേര്‍ത്ത പാട്ട് കേള്‍പ്പിച്ചു തന്ന കൂട്ടുകാരന്‍ ഷഫീക്കും ഖസാക്ക് പാരായണത്തിന്റെ അനുഭവങ്ങള്‍ പങ്കു വെച്ച കുട്ടേട്ടനും പിന്നെയും എനിക്ക് വേണ്ടി നല്ല ഖസാക്ക് സ്മൃതികള്‍ എഴുതി ചേര്‍ത്തു . ഇപ്പോഴുള്ള ഖസാക്കിന്‍റെ പുറംചട്ടയില്‍ നീലയിലും കറുപ്പിലും ചിറകടിക്കുന്ന തുമ്പികള്‍ ആണ്.ഏകാധ്യാപക വിദ്യാലയത്തിലേക്ക് ഒറ്റയ്ക്ക് നടക്കുന്ന രവിയോ/ വിജയനോ അല്ല.എന്തുകൊണ്ടോ എന്റെ പുസ്തകത്തെ കടം വാങ്ങിയിട്ടും തിരിച്ചു തരാന്‍ മറന്ന ആ സുഹ്രത്തിനെ ഓര്‍ക്കുന്നു.സുഹൃത്തേ എനിക്കെന്റെ ഖസാക്കിനെ തിരികെ തരൂ .
|
1 comment:
ആരാ ആ പുസ്തകം കൊണ്ട് പോയത്? :(
Post a Comment