ഞാന്‍ അടുത്തറിഞ്ഞ ഏറ്റവും നല്ല ഒരു പ്രകൃതിസ്നേഹി എന്റെ അമ്മയാണ് .കൊടുങ്ങല്ലൂരിലെ ഞങ്ങളുടെ വീടിന്റെ മുറ്റം ഒരു കൊച്ചു ഉപവനം തന്നെയായിരുന്നു. കാക്കപ്പൂവും തുമ്പയും മുതല്‍ ഓര്‍ക്കിഡ് വരെ പൂത്തു നിന്നിരുന്ന തോട്ടത്തിലെ പ്രധാന കക്ഷികള്‍ പല തരത്തിലുള്ള ചെമ്പരത്തികളായിരുന്നു.അഞ്ചിതള്‍ ചെമ്പരത്തി മുതല്‍ പല നിറങ്ങളിലും രൂപങ്ങളിലുമുള്ള ചെമ്പരത്തിപ്പൂക്കളില്‍ ഒന്ന് ഒരു നനഞ്ഞ പ്രഭാതത്തില്‍ മുറ്റത്തെ മണ്ണില്‍ വീണു കിടക്കുന്നത് കണ്ടപ്പോള്‍ ഹാ പുഷ്പ്പമെ എന്ന് പാടിയ അമ്മ.ഞങ്ങള്‍ താമസിച്ചിരുന്ന പല വാടകവീടുകളിലും അമ്മ അന്ന് നട്ട മരങ്ങള്‍ ഇപ്പോളും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നുണ്ട്. എന്റെ കുട്ടിക്കാലത്ത് എന്നും പന്ത്രണ്ടു മണിക്ക് വെയില്കായാന് പാടം കേറി വരുന്ന ഒരു മഞ്ഞചേരയെക്കുറിച്ചു അമ്മ പറയാറുള്ളത് ഓര്‍ക്കുന്നു. ചങ്ങമ്പുഴയുടെ വാഴക്കുലയും കുട്ടോത്തീ കുരുവെത്തോ എന്ന് ചിലക്കുന്ന കിളിയുടെ കഥയും പിന്നെ കുയിലിനോടൊപ്പം ഒപ്പം കൂവാനും അമ്മ തന്നെയാണ് പഠിപ്പിച്ചത് .തൊടിയില്‍ എന്നും നൂറുകണക്കിന് പൂക്കള്‍ തരുന്ന ഒരു മഞ്ഞ മന്താരവും കൂട്ടിനു ഒരു വെള്ള മന്താരവും ഉണ്ടായിരുന്നു.അതിനടുത്തു നിന്നിരുന്ന ചിക്കുരുമാനസിലാണ് ഒരിക്കല്‍ രണ്ടു ഇരട്ടത്തലയന്‍ ഇണക്കിളികള്‍ മുട്ടയിട്ടത്.ഇളം പച്ച നിറത്തിലുള്ള മൂന്നു നാല് മുട്ടകള്‍..... .അവര്‍ക്ക് ആലോസരമുണ്ടാക്കാതെ ജനാല വഴി നോക്കാനേ പാടുള്ളൂ എന്നായിരുന്നു നിര്‍ദ്ദേശം .എങ്കിലും അടുത്ത വീട്ടിലെ ചേട്ടന്മാരുടെ ക്രിക്കെറ്റ് കളിക്കിടയില്‍ കൂട് തകര്‍ന്നപ്പോള്‍ പൊട്ടിപ്പോയ മുട്ടകളെയും പറന്നു പോയ കിളികളെയും ഓര്‍ത്തു അമ്മ ഒത്തിരി സങ്കടപ്പെട്ടു. കൂടെ ഞാനും.പിന്നെയാണ് ഞങ്ങള്‍ മൂന്നു കോഴികളെ വളര്‍ത്തിയത് .ചാത്തപ്പന് എന്ന് ഞങ്ങള്‍ വിളിച്ച തലയെടുപ്പില്‍ വെല്ലാന്‍ വേറെ കൊഴിസുഹൃത്തുക്കള് ഒന്നും അടുത്തു ഇല്ലാഞ്ഞ വെളുത്തു ചുവപ്പന്‍ പൂവുമൊക്കെയുള്ള ഒരു പൂവന് കോഴിയും അമ്മിണി എന്നും ഇമ്മിണി എന്നും വിളിച്ച തവിട്ടു നിറത്തിലുള്ള രണ്ടു പിടകളും.അമ്മിണി ഇമ്മിണിയും മരുന്നുകളെയും മറികടന്നു ഓര്മ്മയായപ്പോള് ഒറ്റക്കായ ചാത്തപ്പനെ അമ്മ വേറെ ആര്‍ക്കോ കൊടുത്തു. മഴയുള്ള ഒരു രാത്രിയില്‍ ഏതോ ഒരു കാടന്‍ പൂച്ചയുടെ കടി കൊണ്ട് മുറിവേറ്റ കറുമ്പന് പൂച്ചക്കുഞ്ഞിനെ കുഞ്ഞു എന്ന് പേരുമിട്ടു വളര്‍ത്തിയത് വേറെ ഒരു കഥ. ഒരിക്കല്‍ അവനെ ഒരു ബിഗ് ഷോപ്പരിലും വെച്ച് അമ്മ ഒരു മൃഗ ഡോക്ടരെ കാണിക്കാന്‍ കൊണ്ട് പോയി.ഒരു ജപ്പാന്കാരിയെ കല്ല്യാണം കഴിച്ച ആ ഡോക്ടറുടെ പേര് ഇപ്പോള്‍ ഓര്‍മ്മയില്ല. .അമ്മയുടെ സ്നേഹം കൊണ്ടാകും കുഞ്ഞു തേങ്ങ ചിരവി വെച്ചാലും അത് തൊടില്ലായിരുന്നു.അതുപോലെ അച്ഛന് ഓഫീസില്‍ പോകാന്‍ നില്ക്കുമ്പോള് ബസ് സ്റ്റോപ്പില്‍ അവന് എന്നും കൂട്ടിനു പോകുകയും ,പിന്നെ പറ്റ്കടയിലെ എലികളെ പിടിക്കുക എന്നാ സൌജന്ന്യ സേവനവും അവന് ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുമായിരുന്നു . സ്കൂളിലേക്ക് എനിക്കെഴുതുന്ന കത്തുകളില്‍ കുഞ്ഞുവിന്റെയും പൂക്കളുടെയും എല്ലാം വിശേഷങ്ങള്‍ പതിവുമായിരുന്നു.പിന്നെ ഒരു ഓട്ടോക്കടിയില്‍ പെട്ട് കുഞ്ഞുവും ഓര്‍മ്മയായി.പറമ്പില്‍ ഒരു കുഴി കുഴിച്ചു ഈര്‍ക്കിലി കൊണ്ട് കുരിശും നാട്ടി കടലാസ് പൂക്കളും അര്പ്പിച്ച്ചപ്പോള് ഞാനും അടുത്ത വീട്ടിലെ കൂട്ടുകാരും കരയുകയായിരുന്നു.
അമ്മയ്ക്കറിയാത്ത മരുന്ന് ചെടികള്‍ ഇല്ലായിരുന്നു.ഓരോ ഇലകളുടെയും വേരുകളുടെയും പൂക്കളുടെയും ഔഷധ ഗുണങ്ങളും അമ്മക്ക് ഹൃദിസ്ഥമായിരുന്നു. ഹെര്ബെരിയം ഉണ്ടാക്കാന്‍ സ്കൂളില്‍ നിന്ന് കിട്ടിയ പ്രൊജെക്റ്റ് എനിക്ക് വേണ്ടി ആരാണ് ചെയ്തതെന്ന് പറയേണ്ട കാര്യമേ ഇല്ലല്ലോ. എത്ര മഴ കൊണ്ടാലും പനി പിടിക്കാത്ത ഏതു വെയിലിനെയും തോല്‍പ്പിക്കുന്ന ഉള്‍ക്കരുത്തുള്ള എന്റെ അമ്മയാണ് എന്റെ ആദ്യ പരിസ്ഥിതിവാദി. എത്ര കാട് പിടിച്ചാലും ചെടികള്‍ വെട്ടാന്‍ സമ്മതിക്കാതിരുന്ന ,ചെല്ലുന്നിടത്തെല്ലാം ഒരു ചെറുസസ്യമെങ്കിലും നട്ട് വളര്‍ത്തിയ, ഭൂമിയുടെ അവകാശികളായി മറ്റു പലരും ഉണ്ടെന്നു എന്നോട് ആദ്യമായി പറഞ്ഞ, ഒരു ജീവിയേയും നോവിക്കാന്‍ ശ്രമിക്കാത്ത ,നിശബ്ദമായി പ്രകൃതിയുടെ ഓരോ ചലനങ്ങളും മാറ്റങ്ങളും ശ്രദ്ധിച്ചു തന്റെ ഏകാന്തതകളില്‍ പ്രകൃതിയില്‍ അലിഞ്ഞു സ്വന്തം കുടുംബത്തെപ്പോലെ മറ്റു ജീവജാലങ്ങളെയും സ്നേഹിച്ച എന്റെ അമ്മ.
1 comment:
GOOD, FEELS GREAT
Post a Comment