Tuesday, June 4, 2013

വഴികളായ വഴികളെല്ലാം
നിന്നിലേക്ക്‌ യാത്ര ചെയ്യുവാൻ.
നീയെന്റെ യാത്ര .
മായ്ച്ചു കളഞ്ഞിട്ടും
എന്റെ മഷിത്തണ്ടിൽ
നീലിച്ചു നോവിച്ചു നീ .


മാതൃദിനം എന്ന ആഘോഷത്തിൽ ഞാൻ വിശ്വസിക്കുന്നില്ല എങ്കിലും പലരുടെയും കവിതകളും ഓര്മ്മകളും വായിച്ചു കണ്ണ് നനഞ്ഞു പോയി .ഞാൻ ജനിച്ച ദിവസത്തെ കുറിച്ച് എന്റെ അമ്മ പറഞ്ഞതോര്ക്കുന്നു . പത്ത് മാസം ആത്മാവിൽ ഓമനിച്ച ഒരു കുരുന്നു ജീവനെ എന്നെ ലഭിക്കും മുന്നേ നഷ്ട്ടപ്പെട്ടിരുന്നു എന്റെ അമ്മയ്ക്ക് . അത് കൊണ്ട് ഞാൻ ജനിച്ചപ്പോൾ എന്നെ ജീവനോടെ കാണും വരെ അകാംഷയായിരുന്നു. പാതി ബോധത്തിലും എന്റെ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞപ്പോൾ നേഴ്സ് ഒന്ന് തുടച്ചു വൃത്തിയാക്കുക പോലും ചെയ്യുന്നതിന് മുന്നേ അമ്മക്ക് എന്നെ ചേർത്ത് പിടിച്ചു കൊടുത്തത്രേ .നീയൊരു മുയൽക്കുഞ്ഞു പോലെയിരുന്നെന്നു അമ്മയുടെ ഭാഷ്യം.(അത് കാര്യാക്കണ്ട ..കാക്കക്കും തൻ കുഞ്ഞു പൊന്കുഞ്ഞു എന്നാണല്ലോ ) . കൂമ്പിപ്പോകുന്ന കണ്ണുകൾ തുറന്നു എന്നെ നോക്കി സന്തോഷക്കണ്ണീരോടെ ഉമ്മ വെച്ചപ്പോൾ ചുവന്നും വെളുത്തും എന്തൊക്കെയോ എന്റെ മുഖത്തു പറ്റിപിടിച്ചെന്നു അമ്മയുടെ കുസൃതി . ഇന്ന് കൂടെയില്ലെങ്കിലും എന്നും വേദനിപ്പിക്കുന്ന, സ്നേഹം കൊണ്ട് നിറക്കുന്ന ഓർമ്മയായി അമ്മ ഉള്ളിലുണ്ട് . ആ സ്നേഹത്തിനു മുൻപിൽ സമര്പ്പിക്കാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല . അമ്മ തന്ന കവിതകളിലൂടെ ഞാൻ അമ്മയെ എന്നിൽ സൂക്ഷിക്കുന്നു.ഈ കൊച്ചുകവിതയിലൂടെയും .

ആത്മ നിർവൃതിയാൽ
ആദ്യസ്നാനം തന്നമ്മ
കണ്ണുനീരുമ്മ
പാതി വായിച്ചു ഞാൻ അടച്ചു വെക്കുന്ന പുസ്തകങ്ങളിലെ വാക്കുകള്‍
പരസ്പരം ചുംബിക്കുന്നുണ്ടാകണം.
അവരുടെ ആത്മഭാഷണങ്ങളെ അലോസരപ്പെടുത്താതെ
ഞാൻ അകലെ മാറിയിരുന്നു ആ പുസ്തകങ്ങളെയെല്ലാം നോക്കും.
ഒരിക്കൽ എന്റെ കൂട്ടുകാരായിരുന്നവർ..
ചില്ലലമാരകളിൽ ഒട്ടിച്ചേർന്നിരുന്നു അവരിപ്പോൾ അടങ്ങാത്ത പ്രണയത്തിലാണ്.
അവരുടെ സംഗീതം കേള്ക്കുവാൻ എനിക്കിപ്പോൾ കാതുകളില്ല.
ഏകാന്തമായ ഏതോ ഒരു മൌനത്തെ ഞാൻ തേടുന്നുണ്ട്..
ഒരു പുസ്തകം വായിക്കാൻ മാത്രം നിശബ്ദമായൊരു മനസ്സിനെ എന്നേ നഷ്ട്ടപ്പെട്ടിരിക്കുന്നു .


ആദ്യം മുറിച്ചു മാറ്റിയത്
വഴിയിലേക്ക് നീണ്ടു നില്ക്കുന്ന മാവിനെയായിരുന്നു.
പിന്നെ
വീടിനോട് ചേർന്ന് നില്ക്കുന്ന പ്ലാവിനെ.
ഉള്ളിൽ പൂത്തു നില്ക്കുന്ന നിന്നെ,
നിന്നിൽ വേരുപിടിച്ച എന്നെ .
ഒടുവിൽ..
വിരൽത്തുമ്പിൽ പിണഞ്ഞു നിന്ന
ഈ കവിതയേയും .
വാടക വീട്ടിലെ ഇടനാഴിയിൽ
ഇനിയില്ല കളിയൊച്ച.
ഒഴിഞ്ഞ മുറികളിൽ നിറയെ നിലാവ്.


സ്കൂളിന്റെ പടിവാതിക്കൽ 
അമ്മയെക്കാത്തു കണ്ണ് നിറഞ്ഞൊരു മഴ.
അമ്മ വൈകുവതെന്തേ?


കുടയെടുക്കാൻ മറന്നു
കോലായിലേക്ക് തിരികെയോടുന്നു
തല തോർത്തി കൊടുക്കാൻ അമ്മയില്ലാത്തൊരു മഴ.


ആറ്റിൽ 
കാറ്റിൻ വിരൽപ്പാടുകൾ
പൂക്കൾ






ഉണരൽ 

ഇപ്പോഴും 
വ്യാഴവട്ടമൊന്നു കഴിഞ്ഞെങ്കിലും 
പ്രണയത്തിനൊന്നുമേ പറയുവാനില്ല :
അതിപ്പോഴും ഒന്നുമറിയാതെ  നിന്നരികെ ഉറക്കമുണരുന്ന ഒരു ദിവസമാണ്.
ഉറക്കത്തിനു ശേഷമുള്ള ചെറുചൂട്..അതെവിടെയായിരുന്നു എന്ന തിരിച്ചറിവ് പോലെയാണ് 
കെട്ടുപിണഞ്ഞ രണ്ടു അചഞ്ചലരൂപങ്ങളായ് നാം വെളിച്ചത്തോടൊപ്പം ഉണരുന്ന ഒരു ദിവസമാണത്.
വരാനിരിക്കുന്ന പ്രഭാതത്തെ തീര്ത്തും മറന്ന്   
രാത്രിയിലൂടെ തെന്നിത്തെന്നി നാം ഉറക്കത്തിലേക്കൊഴുകുന്നു.
സൂര്യസ്പർശമേറ്റ്‌ നമ്മുടെ ശരീരങ്ങൾ വീണ്ടുമനങ്ങുമ്പോൾ   
നീ കണ്‍ തുറക്കുന്നതും കാത്ത് ഞാൻ നിന്നരികിൽ കിടക്കും.
തിരിച്ചറിവിന്റെ നിമിഷത്തിൽ 
എന്നുള്ളം പ്രകാശത്താൽ നിറക്കുന്ന 
ആ രണ്ട് തവിട്ട് നീർപ്പൊയ്കകൾ 
തുറക്കുവതും കാത്ത് .



                                       -----വിനയ്‌ ധർവാദ്ക്കർ 

Tuesday, April 8, 2008