Tuesday, June 4, 2013

ചില കുട്ടികള്‍ എത്ര കുരുത്തക്കേട്‌ കാണിച്ചാലും അവരുടെ നിഷ്കള ങ്കമായ മുഖം കാണുമ്പോള്‍ ആരായാലും ചിരിച്ചു പോകും.ഇന്ന് രാവിലെ എന്റെ ക്ലാസ്സിലിരുന്നു ഒരു വിരുതന്‍ വല്ല്യ ചിരിയും വര്‌ത്തമാനവുമായിരുന്നു.അവനെ വഴക്ക് പറഞ്ഞും ക്ലാസ്സിന്റെ പുറകില്‍ കൊണ്ട് പോയി നിര്‍ത്തിയും എല്ലാം മതിയായി.വേറെ ഒരു വഴിയുമില്ലാത്തതു കൊണ്ട് അവനെ കുറച്ചു നേരം തറപ്പിച്ചു നോക്കി നിന്നു.യു.ക്കെ.ജീലല്ലോ പഠിക്കുന്നത് ഡിഗ്രിക്കല്ലേ?ഒന്ന് നിര്‍ത്തിക്കൂടെ ഈ സംസാരം എന്ന് ചോദിച്ചതെ ഉള്ളു.അവന്‍ തല താഴ്ത്തി.പിന്നെ മെല്ലെ മുഖം ചെരിച്ചു എന്നെ നോക്കി ചിരിച്ചു.ദേഷ്യമൊക്കെ ഒറ്റ നിമിഷം കൊണ്ട് ഒലിച്ചുപോയി.അവനെ നോക്കി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിച്ചിരിച്ചു പോയി ഞാന്‍ .ഇന്നസെന്റിന്റെ പോലുള്ള മുഖഭാവവും നില്‍പ്പും.എന്റെ ചിരി കണ്ടു മറ്റു കുട്ടികളും ചിരിയില്‍ പങ്കു ചേര്‍ന്നു .ഞങ്ങളെല്ലാവരും അല്‍പ്പ നേരത്തേക്ക് നന്നായി ചിരിച്ചു.അതിനു ശേഷം കുട്ടികള്‍ എല്ലാം അല്‍പ്പം കൂടെ അനുസരണയും ശ്രദ്ധയും കാണിക്കുന്നത് പോലെ തോന്നി.തിരിച്ചു പോരുമ്പോള്‍ ബസ്സില്‍ ഇരുന്നു അത് വീണ്ടും ഓര്‍ത്ത്‌ പിന്നെയും ചിരിച്ചു.അല്‍പ്പം കഴിഞ്ഞാണ് റിയര്‍ വ്യൂ മിറ റിലൂടെ ബസ്സിന്റെ ഡ്രൈവര്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടത്.പെട്ടെന്ന് മുഖത്തെ ചിരി തുടച്ചു മാറ്റി അകലേക്ക്‌ നോക്കിയിരുന്നു.എങ്കിലും കുട്ടികളുടെ ചിരിയുടെ ഓര്‍മ്മ മനസ്സില്‍ വീണ്ടും ഒരു തൂവല്‍ പോലെ തലോടിക്കൊന്ടെയിരിക്കുന്നു. നല്ലൊരു ചിരി ദിവസം . :)
ഈ അടുത്ത കാലത്തായി ഞങ്ങളുടെ നാട്ടിലെ ബസ്‌ കണ്ടക്ടര്മാര്‍ അടക്കം മറ്റു പലരും ഹിന്ദിയും മറ്റും അത്യാവശ്യം പഠിച്ചു മിടുക്കന്മായിരിക്കുകയാണ് .നാട്ടിലെ റോഡു പണിയാനും ഫ്ലാറ്റും മറ്റു കൊട്ടാരങ്ങളും ഉയര്‍ത്തുവാനും വരുന്ന ഭായിമാരോട് ഇടപെടണമല്ലോ.ഇന്നും മലയാളത്തിന്റെ വളഞ്ഞു പുളഞ്ഞ അക്ഷരങ്ങള്‍ വായിക്കാന്‍ അറിയാത്ത കുറച്ചു ഭായിമാര്‍ പെരുംബാവൂര്‍ക്കാനെന്നു കരുതി ഞങ്ങളുടെ സര്‍ക്കുലര്‍ ബസ്സില്‍ കയറി.പാതി വഴി എത്തിയപ്പോഴാണ് കണ്ടക്ടര്‍ അടുത്തെത്തിയത്.ഇത് പെരുംബാവൂര്‍ക്കൊന്നുമല്ല.ജാവോ ജാവോ ..ബാഹര്‍ ജാവോ...അയാള്‍ ദേഷ്യത്തോടെ പറഞ്ഞു.മുഷിഞ്ഞു വിയര്‍പ്പില്‍ മുങ്ങിയുള്ള അവരുടെ ദൈന്ന്യം നിറഞ്ഞ രൂപം കണ്ടപ്പോള്‍ സങ്കടം തോന്നി.പുറത്തു സ്വര്‍ണ്ണ നിറത്തില്‍ പുകയുന്ന വെയില്‍... .അവര്‍ പരസ്പരം പരിഭവിച്ചു പെരുവഴിയില്‍ ഇറങ്ങി .ഞായരാഴ്ച്ച പോലും പണിയെടുത്തു നടുവൊടിഞ്ഞു മടങ്ങുന്ന അവര്‍ക്ക് വീണ്ടും നിന്ദ തന്നെ ശമ്പളം .കൌമാരപ്രായത്തില്‍ പോലും ജീവിതത്തോട് സമരം ചെയ്തു ജീവിക്കുന്ന അവര്‍ അല്‍പ്പം കൂടെ അനുഭാവ പൂര്‍ണ്ണമായ പെരുമാറ്റം അര്‍ഹിക്കുന്നില്ലേ? നമ്മുടെ വിദ്യാഭ്യാസം അതൊന്നും നമ്മെ പഠിപ്പിക്കുന്നില്ലല്ലോ.ഹിന്ദിയിലും ബോര്‍ഡില്‍ എഴുതി വച്ചാല്‍ മതിയാകും . റയില്‍വേ സ്റ്റെഷന്‌ റോഡു നിറയെ വിയര്‍പ്പില്‍ മുങ്ങിയ ഭായിമാരാണ് പല ദിവസങ്ങളിലും.ഇന്ത്യ എന്റെ രാജ്യം,എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാര്‍ എന്ന് സ്കൂള്‍ അസ്സെംബ്ലിയില്‍ നിന്ന് എന്നും ആവര്‍ത്തിച്ചു ഉച്ചരിച്ചത് അന്നം തേടി നമ്മുടെ അരികെ വന്നു വിയര്‍പ്പൊഴുക്കുന്ന അവരെപ്പോലുള്ളവരെക്കുറിച്ചും ഓര്‍മ്മിപ്പികാനാവണം .


മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ടൊന്നും ഞാന്‍ പോകുന്നില്ല . സുഹുര്‌ത്തുമായി ഖസാക്കിനെ കുറിച്ച് സംസാരിച്ചത് കൊണ്ടാകാം പെട്ടെന്ന് ഖസാക്കില്‍ നിന്നൊരു കാറ്റ് എന്റെ തലയ്ക്കു പിടിച്ചത്. ഒരു പുസ്തകത്തേക്കാള്‍ ഖസാക്ക് എനിക്കൊരു ചര്യയായിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അച്ഛന്‍ ആദ്യമായി ആ വിലമതിക്കാനാവാത്ത സമ്മാനം തന്നത്.ഖസാക്ക് .പിന്നെ എല്ലാ വര്‍ഷവും മനസ്സിലാകാതെയും മനസ്സിലാക്കിയും പല വട്ടം തിരിച്ചും മറിച്ചും അത് വായിച്ചു.എത്ര വട്ടം എന്ന് പറയാന്‍ ആകില്ല.അത് പെന്‍ ബുക്സ് പ്രസിദ്ധീകരിച്ച പഴയ എഡിഷനില്‍ പെട്ട ഒന്നായിരുന്നു.ഖസാക്കിലെ പനകള്‍ അതിരിടുന്ന ചെമ്മണ്‍പാതയിലൂടെ കാവിമുണ്ടും ഖതര്‍ ജുബ്ബയും ധരിച്ചു ഒരു തുണി സഞ്ചിയും തൂക്കി ,അല്‍പ്പം മുന്നോട്ടാഞ്ഞു നടക്കുന്ന നരച്ചു തുടങ്ങിയ താടിയും ഉലഞ്ഞ മുടിയുമുള്ള വിജയന്‍... .അതായിരുന്നു ആ പുസ്തകത്തിന്റെ പുറംചട്ട.ആ പുസ്തകം എന്ന് പറയുമ്പോള്‍ ഉള്ള ആ അകല്‍ച്ച പോലും എന്നെ വേദനിപ്പിക്കുന്നു.അത്രമേല്‍ പ്രിയങ്കരമായിരുന്നല്ലോ എന്റെ പുസ്തകം എനിക്ക്.ജീവബിന്ദുക്കളുടെ കഥ പലവട്ടം വായിച്ചു ഉള്ളു നൊന്തതും ,അപ്പുക്കിളിയും കുഞ്ഞാമിനയും കണ്ണ് നനയിച്ചതും പിന്നെ ഒരിക്കലും എല്ക്കാഞ്ഞും മനസ്സില്‍ ആഞ്ഞു വീശിയ പാലക്കാടന്‍ കാറ്റും,മലഞ്ചെരിവും,കൂമന്കൊല്ലിയും .സോയ നാരായണന്‍ എന്ന് ആദ്യ പേജില്‍ അത്ര ഭംഗിയില്ലാത്ത കൈയ്യക്ഷരത്തില്‍ എഴുതിയ നാലാം ക്ലാസ്സുകാരിയെയും അത് സമ്മാനിച്ച സ്നേഹനിധിയെയും എല്ലാം പെട്ടെന്ന് ഓര്‍ത്തു. പിന്നീട് ആ ഓര്‍മ്മപ്പുസ്തകത്തെ എം.എ ക്ക് പഠിക്കുമ്പോള്‍ 'ദി ലെജെന്റ് ഓഫ് ഖസാക്ക്' ആയും വായിച്ചു .'ജീവബിന്ദുക്കള്‍' 'ടു ലിറ്റില്‍ സ്പോര്‍സ്' ആയതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ലെങ്കിലും .പൊതുവെ ഉള്ള മടിയൊക്കെ മാറ്റി വെച്ച് മാസങ്ങളോളം എടുത്തു ലിറ്റ്രേചര്‌ ആന്‍ഡ്‌ എക്കോളജി എന്ന പേപ്പറില്‍ ഖസാക്കിനെ അവലംബിച്ച് സെമിനാര്‍ എടുത്തതും , അത് ഞാന്‍ എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും ആത്മാര്‍ഥമായ സെമിനാര്‍ ആയതും ,സെമിനാര്‍ കഴിഞ്ഞു എന്റെ ആത്മ സുഹൃത്ത്‌ സുഹാന കണ്ണ് നിറഞ്ഞു പോയി നീ സെമിനാര്‍ നന്നായി എടുത്തതു കണ്ടിട്ട് എന്ന് പറഞ്ഞതും ആണ് പിന്നെയുള്ള ഓര്‍മ്മ.അതിനിടക്ക് ഉള്ള പല വര്‍ഷങ്ങളായി ഒരുപാട് ഖസാക്ക് പ്രേമികളെ കണ്ടുമുട്ടുകയും അടുത്തറിയുകയും ചെയ്തു.ഖസാക്കിനെ കുറിച്ച് ഒരു പ്രോജെക്റ്റിന്റെ ഭാഗമായി സന്ദര്‍ശിച്ച ഹരി സാറും പ്രിയ സുഹൃത് ആശിഷ് ചേട്ടനും പിന്നെ ഒരിക്കല്‍ ഖസാക്കിലും തസ്രാക്കിലും ഉള്ള കുന്നുകളുടെ ഉച്ചിയില്‍ കയറി അവിടുത്തെ കാറ്റിന്റെ നേര്‍ത്ത പാട്ട് കേള്‍പ്പിച്ചു തന്ന കൂട്ടുകാരന്‍ ഷഫീക്കും ഖസാക്ക് പാരായണത്തിന്റെ അനുഭവങ്ങള്‍ പങ്കു വെച്ച കുട്ടേട്ടനും പിന്നെയും എനിക്ക് വേണ്ടി നല്ല ഖസാക്ക് സ്മൃതികള്‍ എഴുതി ചേര്‍ത്തു . ഇപ്പോഴുള്ള ഖസാക്കിന്‍റെ പുറംചട്ടയില്‍ നീലയിലും കറുപ്പിലും ചിറകടിക്കുന്ന തുമ്പികള്‍ ആണ്.ഏകാധ്യാപക വിദ്യാലയത്തിലേക്ക് ഒറ്റയ്ക്ക് നടക്കുന്ന രവിയോ/ വിജയനോ അല്ല.എന്തുകൊണ്ടോ എന്റെ പുസ്തകത്തെ കടം വാങ്ങിയിട്ടും തിരിച്ചു തരാന്‍ മറന്ന ആ സുഹ്രത്തിനെ ഓര്‍ക്കുന്നു.സുഹൃത്തേ എനിക്കെന്റെ ഖസാക്കിനെ തിരികെ തരൂ .
ഞാന്‍ അടുത്തറിഞ്ഞ ഏറ്റവും നല്ല ഒരു പ്രകൃതിസ്നേഹി എന്റെ അമ്മയാണ് .കൊടുങ്ങല്ലൂരിലെ ഞങ്ങളുടെ വീടിന്റെ മുറ്റം ഒരു കൊച്ചു ഉപവനം തന്നെയായിരുന്നു. കാക്കപ്പൂവും തുമ്പയും മുതല്‍ ഓര്‍ക്കിഡ് വരെ പൂത്തു നിന്നിരുന്ന തോട്ടത്തിലെ പ്രധാന കക്ഷികള്‍ പല തരത്തിലുള്ള ചെമ്പരത്തികളായിരുന്നു.അഞ്ചിതള്‍ ചെമ്പരത്തി മുതല്‍ പല നിറങ്ങളിലും രൂപങ്ങളിലുമുള്ള ചെമ്പരത്തിപ്പൂക്കളില്‍ ഒന്ന് ഒരു നനഞ്ഞ പ്രഭാതത്തില്‍ മുറ്റത്തെ മണ്ണില്‍ വീണു കിടക്കുന്നത് കണ്ടപ്പോള്‍ ഹാ പുഷ്പ്പമെ എന്ന് പാടിയ അമ്മ.ഞങ്ങള്‍ താമസിച്ചിരുന്ന പല വാടകവീടുകളിലും അമ്മ അന്ന് നട്ട മരങ്ങള്‍ ഇപ്പോളും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നുണ്ട്. എന്റെ കുട്ടിക്കാലത്ത് എന്നും പന്ത്രണ്ടു മണിക്ക് വെയില്കായാന്‍ പാടം കേറി വരുന്ന ഒരു മഞ്ഞചേരയെക്കുറിച്ചു അമ്മ പറയാറുള്ളത് ഓര്‍ക്കുന്നു. ചങ്ങമ്പുഴയുടെ വാഴക്കുലയും കുട്ടോത്തീ കുരുവെത്തോ എന്ന് ചിലക്കുന്ന കിളിയുടെ കഥയും പിന്നെ കുയിലിനോടൊപ്പം ഒപ്പം കൂവാനും അമ്മ തന്നെയാണ് പഠിപ്പിച്ചത് .തൊടിയില്‍ എന്നും നൂറുകണക്കിന് പൂക്കള്‍ തരുന്ന ഒരു മഞ്ഞ മന്താരവും കൂട്ടിനു ഒരു വെള്ള മന്താരവും ഉണ്ടായിരുന്നു.അതിനടുത്തു നിന്നിരുന്ന ചിക്കുരുമാനസിലാണ് ഒരിക്കല്‍ രണ്ടു ഇരട്ടത്തലയന്‍ ഇണക്കിളികള്‍ മുട്ടയിട്ടത്.ഇളം പച്ച നിറത്തിലുള്ള മൂന്നു നാല് മുട്ടകള്‍..... .അവര്‍ക്ക് ആലോസരമുണ്ടാക്കാതെ ജനാല വഴി നോക്കാനേ പാടുള്ളൂ എന്നായിരുന്നു നിര്‍ദ്ദേശം .എങ്കിലും അടുത്ത വീട്ടിലെ ചേട്ടന്മാരുടെ ക്രിക്കെറ്റ് കളിക്കിടയില്‍ കൂട് തകര്‍ന്നപ്പോള്‍ പൊട്ടിപ്പോയ മുട്ടകളെയും പറന്നു പോയ കിളികളെയും ഓര്‍ത്തു അമ്മ ഒത്തിരി സങ്കടപ്പെട്ടു. കൂടെ ഞാനും.പിന്നെയാണ് ഞങ്ങള്‍ മൂന്നു കോഴികളെ വളര്‍ത്തിയത് .ചാത്തപ്പന്‍ എന്ന് ഞങ്ങള്‍ വിളിച്ച തലയെടുപ്പില്‍ വെല്ലാന്‍ വേറെ കൊഴിസുഹൃത്തുക്കള്‍ ഒന്നും അടുത്തു ഇല്ലാഞ്ഞ വെളുത്തു ചുവപ്പന്‍ പൂവുമൊക്കെയുള്ള ഒരു പൂവന്‍ കോഴിയും അമ്മിണി എന്നും ഇമ്മിണി എന്നും വിളിച്ച തവിട്ടു നിറത്തിലുള്ള രണ്ടു പിടകളും.അമ്മിണി ഇമ്മിണിയും മരുന്നുകളെയും മറികടന്നു ഓര്‍മ്മയായപ്പോള്‍ ഒറ്റക്കായ ചാത്തപ്പനെ അമ്മ വേറെ ആര്‍ക്കോ കൊടുത്തു. മഴയുള്ള ഒരു രാത്രിയില്‍ ഏതോ ഒരു കാടന്‍ പൂച്ചയുടെ കടി കൊണ്ട് മുറിവേറ്റ കറുമ്പന്‍ പൂച്ചക്കുഞ്ഞിനെ കുഞ്ഞു എന്ന് പേരുമിട്ടു വളര്‍ത്തിയത് വേറെ ഒരു കഥ. ഒരിക്കല്‍ അവനെ ഒരു ബിഗ്‌ ഷോപ്പരിലും വെച്ച് അമ്മ ഒരു മൃഗ ഡോക്ടരെ കാണിക്കാന്‍ കൊണ്ട് പോയി.ഒരു ജപ്പാന്കാരിയെ കല്ല്യാണം കഴിച്ച ആ ഡോക്ടറുടെ പേര് ഇപ്പോള്‍ ഓര്‍മ്മയില്ല. .അമ്മയുടെ സ്നേഹം കൊണ്ടാകും കുഞ്ഞു തേങ്ങ ചിരവി വെച്ചാലും അത് തൊടില്ലായിരുന്നു.അതുപോലെ അച്ഛന്‍ ഓഫീസില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ അവന്‍ എന്നും കൂട്ടിനു പോകുകയും ,പിന്നെ പറ്റ്കടയിലെ എലികളെ പിടിക്കുക എന്നാ സൌജന്ന്യ സേവനവും അവന്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുമായിരുന്നു . സ്കൂളിലേക്ക് എനിക്കെഴുതുന്ന കത്തുകളില്‍ കുഞ്ഞുവിന്റെയും പൂക്കളുടെയും എല്ലാം വിശേഷങ്ങള്‍ പതിവുമായിരുന്നു.പിന്നെ ഒരു ഓട്ടോക്കടിയില്‍ പെട്ട് കുഞ്ഞുവും ഓര്‍മ്മയായി.പറമ്പില്‍ ഒരു കുഴി കുഴിച്ചു ഈര്‍ക്കിലി കൊണ്ട് കുരിശും നാട്ടി കടലാസ് പൂക്കളും അര്‍പ്പിച്ച്ചപ്പോള്‍ ഞാനും അടുത്ത വീട്ടിലെ കൂട്ടുകാരും കരയുകയായിരുന്നു.
അമ്മയ്ക്കറിയാത്ത മരുന്ന് ചെടികള്‍ ഇല്ലായിരുന്നു.ഓരോ ഇലകളുടെയും വേരുകളുടെയും പൂക്കളുടെയും ഔഷധ ഗുണങ്ങളും അമ്മക്ക് ഹൃദിസ്ഥമായിരുന്നു. ഹെര്ബെരിയം ഉണ്ടാക്കാന്‍ സ്കൂളില്‍ നിന്ന് കിട്ടിയ പ്രൊജെക്റ്റ് എനിക്ക് വേണ്ടി ആരാണ് ചെയ്തതെന്ന് പറയേണ്ട കാര്യമേ ഇല്ലല്ലോ. എത്ര മഴ കൊണ്ടാലും പനി പിടിക്കാത്ത ഏതു വെയിലിനെയും തോല്‍പ്പിക്കുന്ന ഉള്‍ക്കരുത്തുള്ള എന്റെ അമ്മയാണ് എന്റെ ആദ്യ പരിസ്ഥിതിവാദി. എത്ര കാട് പിടിച്ചാലും ചെടികള്‍ വെട്ടാന്‍ സമ്മതിക്കാതിരുന്ന ,ചെല്ലുന്നിടത്തെല്ലാം ഒരു ചെറുസസ്യമെങ്കിലും നട്ട് വളര്‍ത്തിയ, ഭൂമിയുടെ അവകാശികളായി മറ്റു പലരും ഉണ്ടെന്നു എന്നോട് ആദ്യമായി പറഞ്ഞ, ഒരു ജീവിയേയും നോവിക്കാന്‍ ശ്രമിക്കാത്ത ,നിശബ്ദമായി പ്രകൃതിയുടെ ഓരോ ചലനങ്ങളും മാറ്റങ്ങളും ശ്രദ്ധിച്ചു തന്റെ ഏകാന്തതകളില്‍ പ്രകൃതിയില്‍ അലിഞ്ഞു സ്വന്തം കുടുംബത്തെപ്പോലെ മറ്റു ജീവജാലങ്ങളെയും സ്നേഹിച്ച എന്റെ അമ്മ.
പഴയൊരു കൊച്ചു (സംഭവ) കഥ. 


ഉച്ചക്ക് ശേഷമുള്ള സ്റ്റഡി റ്റൈം ആര്‍ക്കും പൊതുവെ അത്ര ഇഷ്ട്ടമുള്ളതായിരുന്നില്ല .
ബോയ്സ് ആണെങ്കില്‍ അപ്പോഴേ കളിഭ്രമത്തില്‍ ആയിത്തുടങ്ങിക്കാണും .അങ്ങനെ ഒരു ഉച്ച ഉച്ചെകാല്‍ ഉച്ചര സമയം .സ്റ്റഡി റ്റൈം തുടങ്ങിയിട്ടില്ലായിരുന്നു .കളിച്ചു കളിച്ചു ഡസ്റ്റര്‍ ജനല്‍ വഴി പുറത്തു പോയി. അവന്മാര്‍ ഉടന്‍ ഗ്ലാസ്സ് എറിഞ്ഞായി കളി . ചിലും !! നോക്കിയപ്പോള്‍ ക്ലാസ്സിലെ ട്യൂബ് ഗ്ലാസ്‌ കൊണ്ട് പൊട്ടി തവിട് പൊടി ആയതിന്റെ ശബ്ദം ആണ് കേട്ടത്.എല്ലാവരും ഒരു നിമിഷം അന്ധാളിച്ച് നില്‍പ്പായി.അടുത്ത നിമിഷം ആരോ പോയി വാതില്‍ ചാരി .കളിച്ചിരുന്നവരും കളിക്കാതിരുന്നവരും എല്ലാവരും കൂടെ ചില്ല് കഷ്ണങ്ങള്‍ പെറുക്കാനും അടിച്ചു വാരാനും ഒക്കെ തുടങ്ങി.ക്ലാസ്സിലെ വിരുതന്മാരില്‍ ആരോ ഓടിപ്പോയി കേടായ ടുബുകള്‍ സ്കൂളില്‍ എവിടെയോ മാറ്റി വെച്ചിരുന്നതില്‍ നിന്ന് ഒരെണ്ണം എടുത്ത് കൊണ്ട് വന്നു.ആരോ കേറി അത് ഫിറ്റ്‌ ചെയ്തു.സ്വിച്ച് ഓണ്‍ ചെയ്തപ്പോളുണ്ട് അത് കത്തുന്നു .'അമ്പട സ്റ്റാമിന ചേട്ടാ ,കൊച്ചു കള്ളാ നല്ല ട്യൂബ് കേടാണെന്നും പറഞ്ഞു മാറ്റി വെച്ചിരിക്കുകയായിരുന്നല്ലേ' ( ആ കാലഘട്ടത്തില്‍ സ്കൂളിലെ എലെക്റ്റ്രികല്‌ വര്‍ക്കുകള്‍ ചെയ്തു കൊണ്ടിരുന്ന മെലിഞ്ഞതും ബുധനാഴ്ചകളില്‍ ബ്രെഡ്‌ മുട്ടക്കറിയും കൂട്ടി ഉരുള ഉരുട്ടി കഴിക്കുന്നവനും മഹാ വായാടിയുമായ ചേട്ടനെ ഞങ്ങള്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌)))) )ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു .അപ്പോഴേക്കും ഡ്യൂട്ടി ടീച്ചര്‍ വന്നു .എല്ലാവരും നല്ല കുട്ടികളായി.ക്ലാസ്സില്‍ നമ്പര്‍ എടുക്കാന്‍ വന്നപ്പോള്‍ ഒന്നും അറിയാത്ത പാവങ്ങളെപ്പോലെ മിണ്ടാതിരുന്നു പഠിച്ചു .ടീച്ചര്‍ പോയപ്പോള്‍ പരസ്പ്പരം നോക്കി ചിരിച്ചു. ഒരു ക്ലാസ് ,കൂട്ടുകാര്‍ ,സഹപാഠികള്‍ എന്നൊക്കെയുള്ള വിധത്തില്‍ നവോദയക്കുട്ടികളുടെ യൂണിറ്റി കാണിക്കാന്‍ വേണ്ടി അന്നാണേല്‍ വലിയ പ്രശ്നമായേക്കുമായിരുന്ന ഈ സംഭവം പറഞ്ഞെന്നു മാത്രം .ആരും കേസാക്കല്ലേ. ;)
.
വെളിച്ചപ്പാട്

ഇന്നും കണ്ടു
മാതാ-മാധുര്യകളുടെ മുന്നില്‍
അങ്ങോട്ടും ഇങ്ങോട്ടും തൊഴുതു നില്‍ക്കുന്ന കമ്മത്ത് ആന്‍ഡ്‌ കമ്മത്തിനെ നോക്കാതെ
വായും പൊളിച്ചിരിക്കുന്ന ഡ്രാക്കുളയെ കാണാതെ
ബസ് സ്റ്റൊപ്പിലെ തിരക്കുകള്‍ക്കിടയില്‍ കവി!
കഴിഞ്ഞ ആഴ്ച കണ്ടപ്പോളോ ..
കവി തിടുക്കപ്പെട്ട് നടക്കുകയായിരുന്നു
പമ്പ് ജങ്ങ്ഷനീന്നു റെയില്‍വേ സ്റ്റെഷന്‌ റോഡിലേക്ക് .
ഷറപ്പോവ അടിച്ച ഒരു സ്മാഷ് പോലെ
മുന്‍-പിന്‍ നോക്കാതെ .
ആധുനികതയുടെ ഉത്തരത്തില്‍ കയറിയത് പോലെ
ന്യൂടില്സ് മുടി .
അകലെ നിന്ന് നോക്കി ചിരിച്ചതെ ഉള്ളു
കവിയെന്നെ കണ്ടില്ല
കവിയെ ഞാന്‍ കണ്ടു.
(അല്ലേലും വെളിച്ചപ്പാടിനെ..)
അടുത്ത് ചെന്ന് കവിയല്ലേ എന്ന് ചോദിച്ചാല്‍
വല്ല കവിതയും അങ്ങ് പാടിക്കളഞ്ഞാലോ
അല്ലേല്‍ ഇനി വല്ല കവിതേം ഉള്ളില്‍ കിടന്നു പൊരിയുന്നുണ്ടെങ്കിലോ...
ശല്ല്യപ്പെടുത്തണ്ട
ആള്‍ക്കൂട്ടത്തിലെ ഏകാന്തതയെ .
ആയതിനാല്‍
കവിയെന്നെ കണ്ടില്ല
കവിയെ ഞാന്‍ കണ്ടു .
പിന്നെ ബസ്‌ വന്നു .
തിരക്ക് കൂട്ടി വല്ല വിധവും കയറിക്കൂടുമ്പോള്‍
കവിയെ ഞാന്‍ ഓര്‍ത്തില്ല .
വൈകുന്നതിനു മുന്നേ വീടണയണം .
വഴിവക്കിലെ ഫെയ്സ് ബുക്ക്‌ കവീ ..
ഇനി വീട്ടില്‍ ചെന്നിട്ടു ഓണ്‍ലൈന്‍ കാണാം.
കവിത എഴുതാനായി
ഞാന്‍ എന്റെ സ്വപ്നങ്ങളെ പിന്തുടരുന്നു .
ഒരു വേട്ടക്കാരനെ പോലെ .
മഴക്കാടുകളില്‍ കേള്ക്കുന്ന പക്ഷികളുടെ സ്വരം
എന്റെ കവിതയിലും മുഴങ്ങുന്നുണ്ടോ?
നീലിച്ച രാത്രികളില്‍ ...ഇരുളില്‍.. ..
ഒറ്റയ്ക്ക് ഞാന്‍ ഒരു യാത്ര തുടങ്ങുന്നു
മുറിവേറ്റും മുറിപ്പെടുത്തിയും
ഭയന്നും ഭയപ്പെടുത്തിയും ഒരു നിശായാത്ര .
പകല്വെംളിച്ചത്തിന്റെ നിറപ്പകിട്ടിലേക്ക്
നീയും ഞാനും കണ്കള്‍ തുറക്കുമ്പോള്‍ ..
ചോര മണക്കുന്ന ഒരു കവിതയുമായി
ഞാനപ്പോഴും ഒരു സ്വപ്നാടനതിലായിരിക്കും.
അനന്തരം ,
നിന്റെ വിളറിയ കടലാസ് ഹൃദയത്തിലേക്ക്
പതറിയ മഷി തുള്ളികളായ് പതിഞ്ഞു
എന്റെ കവിത ഒരു നെടുവീര്പ്പിടും .
പക്ഷെ അപ്പോഴേക്കും എന്നിലെ വേട്ടക്കാരന്‍
മറ്റൊരു നിശായാത്ര തുടങ്ങിയിരിക്കും ...ഒറ്റയ്ക്ക്
ഏകാന്തമായ ഒരു വനയാത്രക്കൊടുവില്‍
നടപ്പാതയില്‍ ചളി പുതഞ്ഞ കാല്പ്പാലടുകള്‍ അവശേഷിപ്പിക്കുന്നത് പോലെ ആണ് എന്റെ കവിതകള്‍
ഞാന്‍ അറിഞ്ഞ കാടിനെ..
വന്യതയെ ...
ഞാന്‍ നിനക്ക് പങ്കിട്ടു തരുന്ന കവിത ..